Wednesday, December 21, 2005

രണ്ടാം ക്ലാസ്സിലെ കവിതകൾ

തപ്പുകൊട്ട്‌ പാട്ട്‌

തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കേലെന്തൊണ്ട്‌?
നാഴ്യരിപ്പഴയരി ചോറുണ്ട്‌
നാരാണന്‍ വെച്ചകറിയുണ്ട്‌
നാരാണി കാച്ചിയ മോരുണ്ട്‌
നന്നായുരുക്കിയ നെയ്യുണ്ട്‌
അമ്മാവി വന്നേ വിളമ്പാവൂ
അമ്മാവന്‍ വന്നേ ഉണ്ണാവൂ
തപ്പോ തപ്പോ തപ്പാണി
തപ്പുക്കുടുക്കേലെന്തോന്റ്‌?

നാടന്‍ പാട്ട്‌

============================

ആവണിമാസം

മാവേലിത്തമ്പുരാന്‍ നാടുകാണാന്‍ വരും
മാസമിതാവണിമാസം
മാനം നറുനിലാപ്പാലാഴിയായ്‌ മാറും
മാസമിതാവണിമാസം!
മഞ്ഞ വെയില്‍ പാവുമുണ്ടുടുത്തെത്തുന്ന
മാസമിതാവണിമാസം!
മണ്ണിലും വിണ്ണിലും പൂക്കള്‍ ചിരിയ്ക്കുന്ന
മാസമിതാവണിമാസം!

-ഒ.എന്‍.വി.കുറുപ്പ്‌

=============================


പാവാട

നീലിച്ച പൊട്ടുള്ള
പാവാട ചുറ്റിയ
ചേലെഴും പൂമ്പാറ്റക്കുഞ്ഞേ,
ആരു നിനക്കീ-
യഴകുള്ള മിന്നുന്ന
പാവാട തയ്പിച്ചു തന്നൂ?
എന്തു മിനുപ്പുള്ള
പൊന്‍പൊടി പൂശിയ
ചന്തം തികഞ്ഞ പാവാട!
ഇത്തരം പൂമ്പട്ടു വില്‍പ്പനയ്ക്കെങ്ങുമേ
കിട്ടുകയില്ലല്ലോ കഷ്ടം!

-സുഗതകുമാരി

=============================
ചെണ്ടയും മാരാരും

ചെണ്ട: ലാളിച്ചെന്നെത്തോളില്‍ കേറ്റിയ
കുട്ടന്‍ മാരാരേ,
വെറുതെയെന്നെ തല്ലിത്തല്ലി-
ത്തോലു പൊളിക്കുന്നോ?

മാരാര്‍:മിണ്ടാണ്ടിരിയെട മിണ്ടാണ്ടിരിയെട
മണ്ടച്ചാരേ നീ
നിന്നെത്തല്ലിക്കരയിക്കാഞ്ഞാല്‍
പട്ടിണിയാവും ഞാന്‍.

-സിപ്പി പള്ളിപ്പുറം.

===================================

പൂക്കാലം

കുളില്‍കാടുകളില്‍ കൂകിക്കൂകി-
ക്കൂത്താടുന്നോരാണ്മയിലേ,
കാവുകള്‍ തോറും പാടിപ്പാടി-
ക്കളിയാടുന്ന കരിങ്കുയിലേ,
പൂന്തേന്‍ നുകരാന്‍ പൂങ്കാവുകളില്‍
പുതുമലര്‍തേടും വരിവണ്ടേ,

വരുമോ നിങ്ങള്‍ കളിപ്പാനെന്മലര്‍-
വാടിയില്‍ വളരെത്തണലുണ്ടേ!
പൂവുകള്‍ തോറും പുഞ്ചിരിതൂകി-
പ്പുതുമയൊടെത്തീ പൂക്കാലം.
തളിരുകള്‍ ചൂടാം; തണലില്‍ക്കൂടാം
കളികള്‍ക്കെല്ലാമനുകൂലം!

-ജി.ശങ്കരക്കുറുപ്പ്‌

=======================================

അമ്പാടിപ്പൈതല്‍

അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാല്‍ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകള്‍ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാല്‍ രണ്ടും തുടുതുടെയങ്ങനെ
ഉണ്ണിയരികിലൊരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകള്‍ ചാര്‍ത്തിക്കൊണ്ടങ്ങനെ.

-പൂന്താനം

========================================
പുള്ളിപ്പശു

ഞങ്ങള്‍ക്കെല്ലാം പാലുതരുന്നൊരു
പുള്ളിപ്പശുവുണ്ടെന്‍ വീട്ടില്‍.
പുല്ലൊരു കോട്ടയകത്താക്കീടും
വെള്ളമൊരുരുളി കുടിച്ചീടും
ഒരുതുറു വൈക്കോല്‍ തിന്നും, മുക്കാല്‍
പ്പറയോളം പാല്‍ നല്‍കീടും.
തിരുവോണത്തിന്നെല്ലാക്കൊല്ലവു-
മുരുള കൊടുക്കാറുണ്ടച്ഛന്‍.
തിരുവാതിര വന്നാലോ നല്‍കും
ചെറുപഴമൊരു കുലയമ്മച്ചി
കുട്ടിയെയെന്തോരിഷ്ടം പയ്യിനു,
നക്കിത്തോര്‍ത്തിടുമുടലെന്നും.

-പിണ്ടാണി എന്‍.ബി.പിള്ള

========================================

Friday, December 16, 2005

ഒന്നാം ക്ലാസ്സിലെ കവിതകൾ

കാക്കേ കാക്കേ കൂടെവിടെ?

കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം?
ഇല്ല തരില്ല നെയ്യപ്പം..........
അയ്യോ! കാക്കേ പറ്റിച്ചേ!

മഹാകവി ഉള്ളൂര്‍



==============================

മഴവില്ലിനോട്‌

മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ?
മഴവന്നാല്‍ നനയില്ലേ?
നിന്നുടെ വീട്ടില്‍ കുടയില്ലേ?

മഴവില്ലേ നീയല്ലേ
മാനത്തിന്റെ അരഞ്ഞാണം!
മഴവില്ലേ നിറവില്ലേ
സാരിയുടുപ്പുകളിനിയില്ലേ?

മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ?
മായല്ലേ മറയല്ലേ
അഴകിന്‍ തെല്ലേ പോകല്ലേ!

പാലാ നാരായണന്‍ നായര്‍

==============================

കുരങ്ങന്റെ വേല

കുരങ്ങാ കുരങ്ങാ
കുരങ്ങച്ചനുണ്ണീ
നിനക്കെന്തു വേല?
മരത്തുമ്മെക്കേറണം
മരക്കൊമ്പിലിരിക്കണം
മരക്കൊമ്പിലിരുന്നീട്ട്‌
മറിഞ്ഞൊന്നു കളിക്കണം
കളിയോക്ക്‌ കഴിയുമ്പം
ഇളിച്ചൊന്നു കാട്ടണം
'ഹീ...... ഹീ....... ഹീ'

==============================

അക്ഷരപ്പാട്ട്‌


'വഞ്ചിക്കാരാ കുഞ്ചുക്കുട്ടാ
വഞ്ചിയ്ക്കുള്ളിലിതെന്താണ്‌?'

'സഞ്ചിക്കാരീ കുഞ്ചുക്കുട്ടീ
വഞ്ചിയ്ക്കുള്ളില്‍ കൊഞ്ചാണ്‌!'

==============================

കീയോ കീയോ

കാക്കയെക്കണ്ടപ്പോള്‍ - 'കീയോ കീയോ'
പൂച്ചയെക്കണ്ടപ്പോള്‍ - 'കീയോ കീയോ'
കൂട്ടിലടച്ചപ്പോള്‍ - കീയോ കീയോ!'
കോഴിക്കുഞ്ഞെപ്പൊഴും - 'കീയോ കിയോ!'

തള്ളയെക്കാണാഞ്ഞ്‌ - 'കീയോ കീയോ'
തല്ലിയോടിക്കുമ്പോള്‍ - 'കീയോ കീയോ'
കയ്യിലെടുത്താലും 'കീയോ കീയൊ'
കോഴിക്കുഞ്ഞെപ്പൊഴും- 'കീയോ കീയോ!'

പന്മന രാമചന്ദ്രന്‍ നായര്‍

==============================

കൊച്ചു തുമ്പിയോട്‌

ഒന്നനാം കൊച്ചുതുമ്പീ
എന്റെകൂടെപ്പോരുമോ നീ?
നിന്റെകൂടെപ്പോന്നാലോ
എന്തെല്ലാം തരുമെനിയ്ക്ക്‌?

കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍ തളിക

കൈകഴുകാന്‍ വെള്ളിക്കിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെപ്പോരുമോ നീ?

- നാടന്‍പാട്ട്‌