Thursday, July 06, 2006

“നാക്കുളുക്കി”

ചട്ടുകവും പല കുട്ടുകവും ചില
വട്ടികളെന്നിവയൊക്കെ വിഴുങ്ങി
മുരളിനടന്നങ്ങുരുളി വിഴുങ്ങീ-
ട്ടതി രുചിയോടരകല്ലു വിഴുങ്ങി
കട്ടോടങ്ങളുലക്കയുമീവക
പാത്രം ശാലയുമൊക്കെ വിഴുങ്ങി

ചേനക്കറി ചില പച്ചടികിച്ചടി
പാനകമൊരുവക നാരങ്ങാക്കറി
മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി
ചേനവറുത്തും പയറുവറുത്തും
ചക്കപ്രഥമനടപ്രഥമന്‍ വിധ-
മൊക്കെപ്പറവാന്‍ നേരമ്പോരാ

Wednesday, July 05, 2006

ഇട്ടിത്തേയി (ഒരു നാടന്‍ കഥാഗാനം)

അക്കരെ വീട്ടിലൊരിട്ടിത്തേയി
ഇക്കരെ വീട്ടിലൊരിട്ടിത്തുപ്പന്‍
ഒരു പിടിപ്പണം വാരി മടിയിലിട്ടു
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“മാമാങ്കം കാണാനും പോകാം തേയി?”
“ഞാനില്ല ഞാനില്ല തുപ്പനാരേ?”
“എന്തുകുറവാലേ പോരാത്തു നീ?”
“ചുറ്റിപ്പുറപ്പെടാന്‍ ചേലയില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
വടക്കേലെ കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോഴിക്കോട്ടങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും ചേലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ”
“എന്തുകുറവാലേ പോരാത്തു നീ?”
“കെട്ടിപ്പുറപ്പെടാന്‍ മാലയില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിഞ്ഞാറെക്കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോട്ടയത്തങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും മാലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ!“
“എന്തുകുറവാലേ പോരാത്തൂ നീ?”
“കേറിപ്പുറപ്പെടാന്‍ മഞ്ചലില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിക്കലെക്കണ്ടവും പണയംവച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
തൃശൂരങ്ങാടീച്ചെന്നു തുപ്പന്‍
വേണ്ടും തരത്തിലും മഞ്ചലേറി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനിതാ പോരുന്നു തുപ്പനാരേ!“

------------------------------

കറുത്തപെണ്ണ്‌ (ഒരു നാടന്‍ പാട്ട്‌)

കറുത്ത പെണ്ണേ! കരിങ്കുഴലീ!
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു.
കാടുവെട്ടി തരം വരുത്തി
തറയുഴുതു പതം വരുത്തി
പതം വരുത്തി തിന വിതച്ചു
തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടാന്‍ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുങ്ങി
വളകിലുങ്ങി കിളി പറന്നു
പെണ്ണിനുട വള കിലുക്കം
കിളി പറന്നു മല കടന്നു
കറുത്തപെണ്ണേ! കരിങ്കുഴലീ!

നിനക്കൊരുത്തന്‍ കിഴക്കുദിച്ചൂ.
------------------------------

Tuesday, March 07, 2006

ഉല്ലാസയാത്ര

ക്ഷമയുള്ള മാതാപിതാക്കള്‍ ഈണത്തില്‍, താളത്തില്‍
കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. കുട്ടികള്‍ പഠിച്ചുകഴിഞ്ഞാല്‍
പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്ക് ചെവിയ്ക്ക് സ്വൈരം കിട്ടില്ല.
ഇതിന്റെ ഈണവും, താളവും മാത്രമേ തലയിലുണ്ടാകൂ.



(കണ്ണനുണ്ണിമാരും മീനുവും കല്ല്യാണിയും കൈകൊട്ടി
താളത്തില്പാടി എല്ലാവരെയും ആനന്ദിപ്പിച്ചിട്ടും
അലോസരപ്പെടുത്തിയിട്ടുമുണ്ട്.
ഏതോ ഒരു ബാലപുസ്തകത്തിലേതാണീ
വരികള്‍)


ഉല്ലാസയാത്ര

ഒന്നാം നാളുല്ലാസയാത്ര പോയപ്പോള്‍
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

രണ്ടാം നാളുല്ലാസയാത്രപോയപ്പോള്‍
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

മൂന്നാം നാളുല്ലാസയാത്രപോയപ്പോള്‍
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

നാലാം നാളുല്ലാസയാത്രപോയപ്പോള്‍
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

അഞ്ചാം നാളുല്ലാസയാത്രപോയപ്പോള്‍
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

ആറാം നാളുല്ലാസയാത്രപോയപ്പോള്‍
ആറ് താറാവ്‌,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്നു മുന്തിരിക്കുല,
രണ്ടു ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

ഏഴാം നാളുല്ലാസയാത്രപോയപ്പോള്‍
ഏഴ് വാഴപ്പഴം,
ആറ് താറാവ്‌,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

എട്ടാം നാളുല്ലാസയാത്രപോയപ്പോള്‍
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

ഒമ്പതാം നാളുല്ലാസയാത്രപോയപ്പോള്‍
ഒമ്പത് ആമ്പല്‍പ്പൂ,
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

പത്താം നാളുല്ലാസയാത്രപോയപ്പോള്‍

പത്തു തത്തമ്മ,
ഒമ്പത് ആമ്പല്‍പ്പൂ,
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

**********************

Sunday, January 01, 2006

പുതു’വര്‍ഷം’

ഫുജൈറയില്‍ 2005നെ മഴ ഒഴുക്കിക്കൊണ്ടുപോയി.
മണിയ്ക്കൂറുകള്‍ തോരാതെ നിന്ന മഴ മനസ്സിന്‌ കുളിര്‍മ്മയേകി.
വെള്ളം വാര്‍ന്നിറങ്ങാത്ത മണ്ണില്‍ മഴ തോര്‍ന്നിട്ടും മണിയ്ക്കൂറുകള്‍ കഴിഞ്ഞും ജലാശയങ്ങള്‍ ദൃശ്യമായിരുന്നു.കുട്ടികള്‍ ആര്‍ത്തുരസിച്ചു, ആനന്ദിച്ചു, അതിശയിച്ചു.
തൊപ്പിയും കുടയും ചൂടി കടലാസ്സുവള്ളവുമായി മുറ്റത്തേയ്കിറങ്ങിയ കുട്ടികളെ വീട്ടിനുള്ളില്‍ കയറ്റാന്‍ വളരെ പ്രയാസമായി.
പാത്രത്തില്‍ വെള്ളം നിറച്ച്‌ ചെറുവള്ളങ്ങളുണ്ടാക്കിയിട്ട്‌ സന്തോഷിച്ചിരുന്ന അവരുടെ മനസ്സിന്‌ എല്ലാവിധത്തിലും കുളിര്‍മയേകി പ്രകൃതി നല്ലൊരു പുതുവല്‍സരസമ്മാനം തന്നെ നല്‍കി.
--------------------------
“പുതുവത്സരാശംസകള്‍”

Wednesday, December 21, 2005

രണ്ടാം ക്ലാസ്സിലെ കവിതകൾ

തപ്പുകൊട്ട്‌ പാട്ട്‌

തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കേലെന്തൊണ്ട്‌?
നാഴ്യരിപ്പഴയരി ചോറുണ്ട്‌
നാരാണന്‍ വെച്ചകറിയുണ്ട്‌
നാരാണി കാച്ചിയ മോരുണ്ട്‌
നന്നായുരുക്കിയ നെയ്യുണ്ട്‌
അമ്മാവി വന്നേ വിളമ്പാവൂ
അമ്മാവന്‍ വന്നേ ഉണ്ണാവൂ
തപ്പോ തപ്പോ തപ്പാണി
തപ്പുക്കുടുക്കേലെന്തോന്റ്‌?

നാടന്‍ പാട്ട്‌

============================

ആവണിമാസം

മാവേലിത്തമ്പുരാന്‍ നാടുകാണാന്‍ വരും
മാസമിതാവണിമാസം
മാനം നറുനിലാപ്പാലാഴിയായ്‌ മാറും
മാസമിതാവണിമാസം!
മഞ്ഞ വെയില്‍ പാവുമുണ്ടുടുത്തെത്തുന്ന
മാസമിതാവണിമാസം!
മണ്ണിലും വിണ്ണിലും പൂക്കള്‍ ചിരിയ്ക്കുന്ന
മാസമിതാവണിമാസം!

-ഒ.എന്‍.വി.കുറുപ്പ്‌

=============================


പാവാട

നീലിച്ച പൊട്ടുള്ള
പാവാട ചുറ്റിയ
ചേലെഴും പൂമ്പാറ്റക്കുഞ്ഞേ,
ആരു നിനക്കീ-
യഴകുള്ള മിന്നുന്ന
പാവാട തയ്പിച്ചു തന്നൂ?
എന്തു മിനുപ്പുള്ള
പൊന്‍പൊടി പൂശിയ
ചന്തം തികഞ്ഞ പാവാട!
ഇത്തരം പൂമ്പട്ടു വില്‍പ്പനയ്ക്കെങ്ങുമേ
കിട്ടുകയില്ലല്ലോ കഷ്ടം!

-സുഗതകുമാരി

=============================
ചെണ്ടയും മാരാരും

ചെണ്ട: ലാളിച്ചെന്നെത്തോളില്‍ കേറ്റിയ
കുട്ടന്‍ മാരാരേ,
വെറുതെയെന്നെ തല്ലിത്തല്ലി-
ത്തോലു പൊളിക്കുന്നോ?

മാരാര്‍:മിണ്ടാണ്ടിരിയെട മിണ്ടാണ്ടിരിയെട
മണ്ടച്ചാരേ നീ
നിന്നെത്തല്ലിക്കരയിക്കാഞ്ഞാല്‍
പട്ടിണിയാവും ഞാന്‍.

-സിപ്പി പള്ളിപ്പുറം.

===================================

പൂക്കാലം

കുളില്‍കാടുകളില്‍ കൂകിക്കൂകി-
ക്കൂത്താടുന്നോരാണ്മയിലേ,
കാവുകള്‍ തോറും പാടിപ്പാടി-
ക്കളിയാടുന്ന കരിങ്കുയിലേ,
പൂന്തേന്‍ നുകരാന്‍ പൂങ്കാവുകളില്‍
പുതുമലര്‍തേടും വരിവണ്ടേ,

വരുമോ നിങ്ങള്‍ കളിപ്പാനെന്മലര്‍-
വാടിയില്‍ വളരെത്തണലുണ്ടേ!
പൂവുകള്‍ തോറും പുഞ്ചിരിതൂകി-
പ്പുതുമയൊടെത്തീ പൂക്കാലം.
തളിരുകള്‍ ചൂടാം; തണലില്‍ക്കൂടാം
കളികള്‍ക്കെല്ലാമനുകൂലം!

-ജി.ശങ്കരക്കുറുപ്പ്‌

=======================================

അമ്പാടിപ്പൈതല്‍

അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങനെ
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാല്‍ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകള്‍ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാല്‍ രണ്ടും തുടുതുടെയങ്ങനെ
ഉണ്ണിയരികിലൊരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകള്‍ ചാര്‍ത്തിക്കൊണ്ടങ്ങനെ.

-പൂന്താനം

========================================
പുള്ളിപ്പശു

ഞങ്ങള്‍ക്കെല്ലാം പാലുതരുന്നൊരു
പുള്ളിപ്പശുവുണ്ടെന്‍ വീട്ടില്‍.
പുല്ലൊരു കോട്ടയകത്താക്കീടും
വെള്ളമൊരുരുളി കുടിച്ചീടും
ഒരുതുറു വൈക്കോല്‍ തിന്നും, മുക്കാല്‍
പ്പറയോളം പാല്‍ നല്‍കീടും.
തിരുവോണത്തിന്നെല്ലാക്കൊല്ലവു-
മുരുള കൊടുക്കാറുണ്ടച്ഛന്‍.
തിരുവാതിര വന്നാലോ നല്‍കും
ചെറുപഴമൊരു കുലയമ്മച്ചി
കുട്ടിയെയെന്തോരിഷ്ടം പയ്യിനു,
നക്കിത്തോര്‍ത്തിടുമുടലെന്നും.

-പിണ്ടാണി എന്‍.ബി.പിള്ള

========================================

Friday, December 16, 2005

ഒന്നാം ക്ലാസ്സിലെ കവിതകൾ

കാക്കേ കാക്കേ കൂടെവിടെ?

കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം?
ഇല്ല തരില്ല നെയ്യപ്പം..........
അയ്യോ! കാക്കേ പറ്റിച്ചേ!

മഹാകവി ഉള്ളൂര്‍



==============================

മഴവില്ലിനോട്‌

മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ?
മഴവന്നാല്‍ നനയില്ലേ?
നിന്നുടെ വീട്ടില്‍ കുടയില്ലേ?

മഴവില്ലേ നീയല്ലേ
മാനത്തിന്റെ അരഞ്ഞാണം!
മഴവില്ലേ നിറവില്ലേ
സാരിയുടുപ്പുകളിനിയില്ലേ?

മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ?
മായല്ലേ മറയല്ലേ
അഴകിന്‍ തെല്ലേ പോകല്ലേ!

പാലാ നാരായണന്‍ നായര്‍

==============================

കുരങ്ങന്റെ വേല

കുരങ്ങാ കുരങ്ങാ
കുരങ്ങച്ചനുണ്ണീ
നിനക്കെന്തു വേല?
മരത്തുമ്മെക്കേറണം
മരക്കൊമ്പിലിരിക്കണം
മരക്കൊമ്പിലിരുന്നീട്ട്‌
മറിഞ്ഞൊന്നു കളിക്കണം
കളിയോക്ക്‌ കഴിയുമ്പം
ഇളിച്ചൊന്നു കാട്ടണം
'ഹീ...... ഹീ....... ഹീ'

==============================

അക്ഷരപ്പാട്ട്‌


'വഞ്ചിക്കാരാ കുഞ്ചുക്കുട്ടാ
വഞ്ചിയ്ക്കുള്ളിലിതെന്താണ്‌?'

'സഞ്ചിക്കാരീ കുഞ്ചുക്കുട്ടീ
വഞ്ചിയ്ക്കുള്ളില്‍ കൊഞ്ചാണ്‌!'

==============================

കീയോ കീയോ

കാക്കയെക്കണ്ടപ്പോള്‍ - 'കീയോ കീയോ'
പൂച്ചയെക്കണ്ടപ്പോള്‍ - 'കീയോ കീയോ'
കൂട്ടിലടച്ചപ്പോള്‍ - കീയോ കീയോ!'
കോഴിക്കുഞ്ഞെപ്പൊഴും - 'കീയോ കിയോ!'

തള്ളയെക്കാണാഞ്ഞ്‌ - 'കീയോ കീയോ'
തല്ലിയോടിക്കുമ്പോള്‍ - 'കീയോ കീയോ'
കയ്യിലെടുത്താലും 'കീയോ കീയൊ'
കോഴിക്കുഞ്ഞെപ്പൊഴും- 'കീയോ കീയോ!'

പന്മന രാമചന്ദ്രന്‍ നായര്‍

==============================

കൊച്ചു തുമ്പിയോട്‌

ഒന്നനാം കൊച്ചുതുമ്പീ
എന്റെകൂടെപ്പോരുമോ നീ?
നിന്റെകൂടെപ്പോന്നാലോ
എന്തെല്ലാം തരുമെനിയ്ക്ക്‌?

കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍ തളിക

കൈകഴുകാന്‍ വെള്ളിക്കിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെപ്പോരുമോ നീ?

- നാടന്‍പാട്ട്‌

Friday, September 30, 2005

വീടുപണി

ഉറങ്ങാത്ത എത്ര രാത്രികൾ!
വീടുപണി തുടങ്ങാൻ ഒരാശയം കിട്ടുക എന്ന ലക്ഷ്യമേ രാപ്പകൽ ഉണ്ടായിരുന്നുള്ളൂ.
കത്രീനയും ഒഫീലിയയും ചുറ്റിയടിച്ചപ്പോഴൊക്കെഞാൻ ചിന്തിയ്ക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അതു സംഭവിച്ചു.
ലക്ഷങ്ങൾ ചെലവുവന്നില്ല. പിരിമുറുക്കം ഉണ്ടായില്ല.
എത്ര ഈസിയായും രസകരമായും ഞാനതു ചെയ്തു.
പൊടുന്നനെ പണിയായുധങ്ങൾ നിരന്നു.
തുടക്കത്തിൽ സഹായത്തിനാരുമുണ്ടായിരുന്നില്ല. ലക്ഷ്യത്തിലെത്തുക എന്നത്‌ എന്റെ ഒരു വാശിയായിരുന്നു.
ആ സമയമൊക്കെ റീത്ത പരിഭ്രാന്തി സൃഷ്ടിയ്ക്കുകയായിരുന്നു.
ഗൾഫ്‌ തീരത്തേയ്ക്കു വരരുതേ എന്ന പ്രാർഥനയായിരുന്നു.
വന്നാൽ എന്റെ സ്വപ്നം തകരും തീർച്ചയായിരുന്നു.
മണിയ്ക്കൂറുകൾ കൊണ്ട്‌ ഞാനതു ചെയ്തു.
അനിച്ചേട്ടൻ എഴുന്നേറ്റുവന്നപ്പോഴെയ്ക്കും ഞാൻ അവസാനമിനുക്കുപണിയിലേയ്ക്കു നീങ്ങുകയായിരുന്നു. കമ്പ്യുട്ടർ ഓൺ ചെയ്ത അനിച്ചേട്ടൻ വിളിച്ചു പറഞ്ഞു,
'ഇതൊന്നു നോക്ക്വോ'
ഞാൻ വന്നു നോക്കിയപ്പോഴുണ്ട്‌, ടാസ്ക്ബാറിൽ ഒരു ബന്ധു തലയിട്ടടിയ്ക്കുന്നു.
'ദിനചര്യ ചോദിയ്ക്കാനാവും.എനിനിയ്കെന്റെ വീടുപണി ചെയ്യണം.മറുതലയിട്ടടിയ്ക്കാൻ എനിയ്ക്കു സമയമില്ല.'
ഞാനെന്റെ പണിതുടർന്നു. പെയ്ന്റിംഗ്‌ കൂടിയായപ്പോൾ ആ പണി തീർന്നു.
ഇത്ര ധൃതിയിൽ ഒരു വീടുപണിനടത്തിയത്‌ രണ്ടാം ക്ലാസ്സുകാരണ്‌ സ്കൂളിൽ എക്സിബിഷന്‌ കൊടുക്കാൻ വേണ്ടിയായിരുന്നു. അവസാനതീയതി അറിയാമായിരുന്നെങ്കിലും ഇത്തരം കാര്യങ്ങൾ അവസാനനിമിഷത്തിലേ ചെയ്തുതീർക്കൂ എന്നത്‌ ഒരു ശീലമായിപ്പോയി. പിന്നീടിതുവരെയും ആ ബന്ധു എന്റെ മുന്നിൽ തലയിട്ടടിയ്ക്കാൻ വന്നില്ല.
വിഷമമായിക്കാണുമെങ്കിലും പിണങ്ങിക്കാണില്ല.