വീടുപണി
വീടുപണി തുടങ്ങാൻ ഒരാശയം കിട്ടുക എന്ന ലക്ഷ്യമേ രാപ്പകൽ ഉണ്ടായിരുന്നുള്ളൂ.
കത്രീനയും ഒഫീലിയയും ചുറ്റിയടിച്ചപ്പോഴൊക്കെഞാൻ ചിന്തിയ്ക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അതു സംഭവിച്ചു.
ലക്ഷങ്ങൾ ചെലവുവന്നില്ല. പിരിമുറുക്കം ഉണ്ടായില്ല.
എത്ര ഈസിയായും രസകരമായും ഞാനതു ചെയ്തു.
പൊടുന്നനെ പണിയായുധങ്ങൾ നിരന്നു.
തുടക്കത്തിൽ സഹായത്തിനാരുമുണ്ടായിരുന്നില്ല. ലക്ഷ്യത്തിലെത്തുക എന്നത് എന്റെ ഒരു വാശിയായിരുന്നു.
ആ സമയമൊക്കെ റീത്ത പരിഭ്രാന്തി സൃഷ്ടിയ്ക്കുകയായിരുന്നു.
ഗൾഫ് തീരത്തേയ്ക്കു വരരുതേ എന്ന പ്രാർഥനയായിരുന്നു.
വന്നാൽ എന്റെ സ്വപ്നം തകരും തീർച്ചയായിരുന്നു.
മണിയ്ക്കൂറുകൾ കൊണ്ട് ഞാനതു ചെയ്തു.
അനിച്ചേട്ടൻ എഴുന്നേറ്റുവന്നപ്പോഴെയ്ക്കും ഞാൻ അവസാനമിനുക്കുപണിയിലേയ്ക്കു നീങ്ങുകയായിരുന്നു. കമ്പ്യുട്ടർ ഓൺ ചെയ്ത അനിച്ചേട്ടൻ വിളിച്ചു പറഞ്ഞു,
'ഇതൊന്നു നോക്ക്വോ'
ഞാൻ വന്നു നോക്കിയപ്പോഴുണ്ട്, ടാസ്ക്ബാറിൽ ഒരു ബന്ധു തലയിട്ടടിയ്ക്കുന്നു.
'ദിനചര്യ ചോദിയ്ക്കാനാവും.എനിനിയ്കെന്റെ വീടുപണി ചെയ്യണം.മറുതലയിട്ടടിയ്ക്കാൻ എനിയ്ക്കു സമയമില്ല.'
ഞാനെന്റെ പണിതുടർന്നു. പെയ്ന്റിംഗ് കൂടിയായപ്പോൾ ആ പണി തീർന്നു.
ഇത്ര ധൃതിയിൽ ഒരു വീടുപണിനടത്തിയത് രണ്ടാം ക്ലാസ്സുകാരണ് സ്കൂളിൽ എക്സിബിഷന് കൊടുക്കാൻ വേണ്ടിയായിരുന്നു. അവസാനതീയതി അറിയാമായിരുന്നെങ്കിലും ഇത്തരം കാര്യങ്ങൾ അവസാനനിമിഷത്തിലേ ചെയ്തുതീർക്കൂ എന്നത് ഒരു ശീലമായിപ്പോയി. പിന്നീടിതുവരെയും ആ ബന്ധു എന്റെ മുന്നിൽ തലയിട്ടടിയ്ക്കാൻ വന്നില്ല.
വിഷമമായിക്കാണുമെങ്കിലും പിണങ്ങിക്കാണില്ല.