Thursday, July 06, 2006

“നാക്കുളുക്കി”

ചട്ടുകവും പല കുട്ടുകവും ചില
വട്ടികളെന്നിവയൊക്കെ വിഴുങ്ങി
മുരളിനടന്നങ്ങുരുളി വിഴുങ്ങീ-
ട്ടതി രുചിയോടരകല്ലു വിഴുങ്ങി
കട്ടോടങ്ങളുലക്കയുമീവക
പാത്രം ശാലയുമൊക്കെ വിഴുങ്ങി

ചേനക്കറി ചില പച്ചടികിച്ചടി
പാനകമൊരുവക നാരങ്ങാക്കറി
മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി
ചേനവറുത്തും പയറുവറുത്തും
ചക്കപ്രഥമനടപ്രഥമന്‍ വിധ-
മൊക്കെപ്പറവാന്‍ നേരമ്പോരാ

Wednesday, July 05, 2006

ഇട്ടിത്തേയി (ഒരു നാടന്‍ കഥാഗാനം)

അക്കരെ വീട്ടിലൊരിട്ടിത്തേയി
ഇക്കരെ വീട്ടിലൊരിട്ടിത്തുപ്പന്‍
ഒരു പിടിപ്പണം വാരി മടിയിലിട്ടു
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“മാമാങ്കം കാണാനും പോകാം തേയി?”
“ഞാനില്ല ഞാനില്ല തുപ്പനാരേ?”
“എന്തുകുറവാലേ പോരാത്തു നീ?”
“ചുറ്റിപ്പുറപ്പെടാന്‍ ചേലയില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
വടക്കേലെ കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോഴിക്കോട്ടങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും ചേലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ”
“എന്തുകുറവാലേ പോരാത്തു നീ?”
“കെട്ടിപ്പുറപ്പെടാന്‍ മാലയില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിഞ്ഞാറെക്കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോട്ടയത്തങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും മാലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ!“
“എന്തുകുറവാലേ പോരാത്തൂ നീ?”
“കേറിപ്പുറപ്പെടാന്‍ മഞ്ചലില്ല.”

അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിക്കലെക്കണ്ടവും പണയംവച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
തൃശൂരങ്ങാടീച്ചെന്നു തുപ്പന്‍
വേണ്ടും തരത്തിലും മഞ്ചലേറി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.

“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനിതാ പോരുന്നു തുപ്പനാരേ!“

------------------------------

കറുത്തപെണ്ണ്‌ (ഒരു നാടന്‍ പാട്ട്‌)

കറുത്ത പെണ്ണേ! കരിങ്കുഴലീ!
നിനക്കൊരുത്തന്‍ കിഴക്കുദിച്ചു.
കാടുവെട്ടി തരം വരുത്തി
തറയുഴുതു പതം വരുത്തി
പതം വരുത്തി തിന വിതച്ചു
തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടാന്‍ പെണ്ണിറങ്ങി
അവളിറങ്ങി വള കിലുങ്ങി
വളകിലുങ്ങി കിളി പറന്നു
പെണ്ണിനുട വള കിലുക്കം
കിളി പറന്നു മല കടന്നു
കറുത്തപെണ്ണേ! കരിങ്കുഴലീ!

നിനക്കൊരുത്തന്‍ കിഴക്കുദിച്ചൂ.
------------------------------