Wednesday, June 29, 2005

വില്ലയ്ക്കു ചുറ്റും

വില്ലകൾ‍ക്കിടയിലെ ഗല്ലികൾ‍ മിക്കവാറും വിജനമാണ്‌. നാലു വില്ലകൾ‍ ഒരുമിച്ച്‌ ഒരു കോമ്പൌണ്ടിൽ‍ - ബാക്ക്‌ ടു ബാക്ക്‌. നാല്‌ ദിശയിലും അല്ലെങ്കിൽ‍ രണ്ട്‌ ദിശയിൽ‍ ഗേറ്റ്‌. പൊതുവേ അങ്ങനെയാണ്‌.

മിക്ക വില്ലകളും ബോഗൻ‍വില്ലകളോ മുരിങ്ങവില്ലകളോ വേപ്പുവില്ലകളോ ആണ്‌. ഗല്ലികളുടെ മൂലകളിലൊക്കെ 'കച്ചടപ്പെട്ടി'കളുണ്ട്‌. വൈകുന്നേരങ്ങളിൽ‍ നടക്കാനിറങ്ങിയാൽ‍ കച്ചടപ്പെട്ടി അലങ്കരിച്ചപോലെ പൂച്ചകൾ‍ ഇരിക്കുന്നകാണാം. നാട്ടിലെ മനുഷ്യാലങ്കൃത ട്രക്കർ‍ പോലെ. ചില പൂച്ചകൾ‍ വീടിന്റെ മതിലിനുപുറത്ത്‌ പ്രതിമ പോലെ ഇരിക്കും. നാട്ടിലെ ചില വീടുകളുടെ മുകളിൽ‍ മുള്ളുന്ന കുട്ടിയുടെ പ്രതിമ കാണുന്നപോലെയാണ്‌ തോന്നുക.

Wednesday, June 22, 2005

ഗൾ‍ഫ് ഡയറി

ഇനി ഞാനെഴുതാൻ‍ നോക്കുന്നു. ഇത്രദിവസവും സരസ്വതീപൂജയായിരുന്നു. അക്ഷരദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ‍ വേണ്ടി.
ബ്ലോഗുകളൊക്കെ വായിക്കുന്നുണ്ട്‌; ഞാനായിട്ടെന്തിനെഴുതാതിരിക്കണം. മനസ്സിനെ ഏറെ വിഷമിപ്പിച്ച ഒരു ദീർ‍ഘനിശ്വാസത്തിന്റെ ഓർ‍മ്മക്കുറിപ്പ്‌.

യു.ഏ.ഇ-യിലെ ആദ്യത്തെ പ്രഭാതം. ഏറെ വർ‍ഷങ്ങളാവുന്നു ഇപ്പോൾ‍.
ഗൾ‍ഫിനെക്കുറിച്ച്‌ എല്ലാവരും നല്ല സ്വപ്നം കണ്ട്‌ സ്വർ‍ണ്ണം, വസ്ത്രം, സുഗന്ധവസ്തുക്കൾ‍... ഫോറിൻ‍ സാധനങ്ങൾ‍ എന്നുപറഞ്ഞാൽ‍ ഒന്നു തൊട്ടുനോക്കാൻ‍ പോലും കൊതിച്ച ആ കാലത്ത്‌ ഇവിടെ എത്തി. രാത്രി 12 മണിയ്ക്കോ മറ്റോ, വിമാനത്താവളത്തിൽ‍ വന്നിറങ്ങിയപ്പോൾ‍ വൈദ്യുത ദീപങ്ങൾ‍ കണ്ട്‌ - നമ്മുടെ നാട്ടിൽ‍ ഒരിക്കലും കാണാത്തത്ര - അതിശയിച്ചു. രണ്ടു മണിക്കൂർ യാത്ര കഴിഞ്ഞ്‌ വീട്ടിലെത്തി. ഒന്നും കഴിക്കാൻ‍ തോന്നിയേയില്ല. വെള്ളം മാത്രം കുടിച്ച്‌ കിടന്നുറങ്ങി. വന്നപ്പോൾ‍ത്തന്നെ മനസ്സിലായിരുന്നു എത്തപ്പെട്ടതൊരു 'ഗ്രാമ'ത്തിലെ വില്ലയിലാണെന്ന്. പ്രഭാതം എങ്ങിനെയായിരിക്കും എന്ന് ചിന്തിച്ച്‌ തന്നെ കിടന്നു.

ഉണർ‍ന്നെഴുന്നേറ്റ്‌ വാതിൽ‍ പതുക്കെ തുറന്ന് വെളിയിലേയ്ക്കുനോക്കി. ആദ്യനോട്ടത്തിൽ‍ കണ്ടത്‌ നീലാകാശവും ടെലിഫോൺ‍കാരുടെ തൂണിന്റെ മുകൾ‍ ഭാഗവും അതിൽ‍നിന്നു വീടിന്റെ പുറകിലേയ്ക്കു പോകുന്ന കമ്പിയും.
ഒരു ചെടിയോ പൂവോ വൃക്ഷത്തലപ്പോ കിളികളുടെ ശബ്ദമോ കാണാതെ,
കേൾ‍ക്കാതെ...
നാട്ടിലെ വീടിന്റെ വാതിൽ‍ തുറന്ന് നോക്കുമ്പോൾ‍ ഉള്ള കാഴ്ച ഓർ‍ത്തു. വൃക്ഷത്തലപ്പുകളുടെ ഇടയിലൂടെ ഒളിഞ്ഞും ചരിഞ്ഞും നോക്കിയാൽ‍ മാത്രം കാണുന്ന ആകാശം ഓർ‍ത്തു. കിളികളെ കണ്ടില്ലെങ്കിലും പലതരം കിളികളുടെ ശബ്ദം! എന്തെല്ലാം നിറത്തിലെ പൂക്കൾ‍! എന്തെല്ലാം നിറത്തിലെ ഇലകൾ‍!....
പതിയെ വില്ലയിലെ വാതിലടച്ച്‌ മുറിയില്‍ വെറുതേ കിടന്നു.

Friday, June 10, 2005

തൂലിക

തൂലിക