Thursday, August 25, 2005

ബാക്ക് ടു സ്കൂൾ

വേനലവധി കഴിഞ്ഞ്‌ വിദ്യാലയങ്ങൾ 27ന്‌ തുറക്കുന്നു.
ദിനചര്യകൾ മാറുന്നു.

കുട്ടികളെ ആറരയ്ക്ക്‌ ഉണർത്താനുള്ള വിളിയുടെ ശക്തി അച്ഛ കൂടി ഉണരാൻ തന്നെയാണ്‌.
എങ്കിലും ഒച്ചയെല്ലാം കേട്ട്‌ ഒരു മണിയ്ക്കൂർ കൂടി കിടക്കും എന്നുള്ള ഉറച്ച മനസ്സ്‌ മനസ്സിലാക്കാനുള്ള കഴിവ്‌ വീട്ടമ്മയ്ക്കുണ്ട്‌.
എന്നാലും ഒരു കുശുമ്പ്‌.
ഇതിനിടയിലെ തിരക്ക്‌ 'ചിന്താവിഷ്ടയായ ശ്യാമള' യിലെ ശ്യാമയെപ്പോലെയുള്ളതാണ്‌. കുട്ടികളെ സ്കൂളിൽ വിടുന്നതിലുള്ള തിരക്കിൽ മാത്രം.
ശനി മുതൽ ബുധൻ വരെ വീട്ടിലെ ഡയലോഗ്‌ മിക്കവാറും ഒന്നുതന്നെയാകും.
എഴുന്നേൽക്ക്‌, ബാത്‌റൂമിൽ കയറ്‌, പാല്‌ കുടിയ്ക്ക്‌, യൂണിഫോം ഇട്‌, ഷൂ ഇട്‌, ബാഗെടുക്ക്‌, ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിയ്ക്കണേ, യൂണിഫോം മാറ്റ്‌, ബാഗ്കൊണ്ട്‌ വയ്ക്ക്‌, കുളിയ്ക്ക്‌, കഴിക്ക്‌, ബുക്കെടുക്ക്‌, ഹോം വർക്ക്‌ എഴുത്‌. ടെസ്റ്റിന്‌ പഠിക്ക്‌, ടൈംടെബിളടുക്ക്‌, ബുക്ക്‌ ബാഗിൽ വയ്ക്ക്‌, പെൻസിൽ, പേന സ്കെയിൽ, ഇൻസ്ട്രുമെന്റ്‌ ബോക്സ്‌ എല്ലാം വച്ചോ?

അങ്ങനെ പോകും ഇനിയുള്ള നാളുകൾ.
പണ്ടൊക്കെ അച്ഛനമ്മമാർക്ക്‌ കുട്ടികളുടെ പഠിത്തകാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നില്ല. കുട്ടികൾക്ക്‌ പഠിയ്ക്കണം, ഉയർന്നമാർക്കു വാങ്ങണം എന്ന ചിന്തയുണ്ടായിരുന്നു. ഇന്നതൊക്കെ മാറി. ഇപ്പോൾ അച്ഛനമ്മമാർക്ക്‌ ടെൻഷൻ-പ്രത്യേകിച്ചും അമ്മമാർക്ക്‌. കുട്ടികൾ ചോദിയ്ക്കുന്നത്‌ പഠിയ്ക്കുന്നതെന്തിന്‌ എന്നാണ്‌.
അനുഭവങ്ങൾ കുറവായതുകൊണ്ടാകും. അന്നത്തെ ആ എൽക്കെജിക്കാരൻ ഇന്ന്‌ ആറാം ക്ലാസ്സിലായി. ആകാംക്ഷയോടെ ഒരു ചോദ്യം ചോദിച്ചു. "ഡോക്ടറാകാനൊക്കെ ഒരുപാട്‌ പഠിക്കുന്നതെന്തിനാ അമ്മേ? ഒരു ഡോക്ടറുടെ കൂടെ കുറച്ചുനാൾ സഹായത്തിനായി നിന്നാൽപോരെ?" കുട്ടികളുടെ ചിന്ത ഇതുവരെ എത്തിനിൽക്കുകയാണ്‌.

വൈകുന്നേരം 5 മുതൽ 9 വരെ പലഭാഷകൾ-മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, അറബിക്‌- പഠിയ്ക്കാൻ ആറാം ക്ലാസ്സുവരെയുള്ള കുട്ടികളുണ്ടാകും. വായിയ്ക്കുന്നവർ വിചാരിയ്ക്കുന്നുണ്ടാകും ഇതൊക്കെയെന്തിനാ ഇതിലെഴുതുന്നതെന്ന്‌. പരസ്യത്തിനല്ല! ഈ തിരക്കിനിടയ്ക്ക്‌ ബ്ലോഗെഴുതാൻ സമയം കിട്ടുമെന്നു തോന്നുന്നില്ലാ.

Tuesday, August 23, 2005

ഒരു കൊച്ചു മുല്ല

ഈ മുറ്റത്ത്‌ ഒരു വർഷം മുമ്പ്‌ ബക്കറ്റിൽ ഒരു മുല്ല നട്ടു.
പച്ചക്കറിയരിയുന്നതിന്റെ പാഴ്വസ്തുക്കൾ വളമായി ഇട്ടു.
എല്ലാദിവസവും വെള്ളമൊഴിച്ചു.

തളിരിലകൾ ആഹ്ലാദമായി.ഇടക്കിടെയുള്ള ചൂട്കാറ്റ്‌ ഇലകളെ തളർത്തി.
തണലിനുവേണ്ടി ബക്കറ്റ്‌ മാറ്റിവച്ച്‌ ഞാനും തളർന്നു.
നാട്ടിലെ വീട്ടുമുറ്റത്തെ മുല്ലച്ചെടിയെയും പൂക്കാലമാകുന്നതിനുമുൻപ്‌ വാഴനാരുശേഖരിയ്ക്കുന്ന അമ്മയെയും മൊട്ടുവന്നു തുടങ്ങുമ്പോൾ മുതൽ 'ഇത്‌ നാളെ വിരിയും' എന്നു പറഞ്ഞ്‌ പറിച്ചെടുത്ത്‌ മാലകോർത്ത്‌ തരുമായിരുന്നതും ഒക്കെ ഓർത്താണ്‌ മുല്ലച്ചെടി നട്ടത്‌.

ഒടുവിൽ വേനൽ മഴയിൽ മുല്ല തളിർത്തു;
ഓരോ ചില്ലയുടെ അറ്റത്തും‌ മൊട്ടുകളും.

സന്തോഷം അടക്കാനായില്ല.
വാഴനാരിലും, നൂലിലുമൊന്നും കോർത്തില്ലെങ്കിലും
ഒരു പൂവായാലും നാടൻ മണത്തോടുകൂടി കിട്ടിയാൽ മതിയെന്നായി.
ഒന്നല്ല ഒരൊമ്പതോളം പൂക്കൾ‌ പല ദിവസങ്ങളിലായി കിട്ടി.

പൂത്തു കഴിഞ്ഞ്‌ തണുപ്പുകാലമായപ്പോൾ, തറയിൽ വലിയ ഒരു കുഴിയുണ്ടാക്കി വെയിലേറ്റ്‌ പൊട്ടിയ ബക്കറ്റ്‌ മാറ്റി ചെടിയെ തറയിൽ നട്ടു.
മണ്ണുമായി പൊരുത്തപ്പെടാൻ സമയമെടുക്കുന്നു.
ഈ ചൂടുകാലം കഴിയുമ്പോൾ ഇനിയും പൂവ്‌ തരുമെന്ന പ്രതീക്ഷയോടെ...............

Monday, August 22, 2005

ഈ ദിനം

വർഷങ്ങൾക്കുമുമ്പ്‌ ഒരു മുഹൂർത്തത്തിൽ ഞങ്ങളൊന്നായ്‌.

ആ നിമിഷം മുതൽ അക്ഷരാർഥത്തിൽ '
ഞാനില്ലാ'തായ്‌.

എങ്കിലും ഞാൻ ജീവിയ്ക്കുന്നു.
എനിയ്ക്ക്‌ അക്ഷരങ്ങളായ്‌ നിങ്ങളുടെ
കണ്മുന്നിലെത്താൻ കഴിയുന്നു.
ഞങ്ങൾ ഇ-മെയിലഡ്രസ്സിലെ
ആദ്യത്തെ എട്ടക്ഷരങ്ങളായ്‌
ഞാൻ പഴയ സർട്ടിഫിക്കറ്റുകളിൽ മാത്രമായ് ഒതുങ്ങിക്കൂടി.

ഞാനാര്‌?

Friday, August 12, 2005

കിളിയെത്തേടി

ആ കിളിയെത്തേടി യു.എ.ഇ.യിലെ മരുഭൂമിയിലും തീരപ്രദേശത്തും
പാർക്കിലും ഒക്കെ ബൈനോക്കുലറുമായി അലഞ്ഞു.

വർഷങ്ങൾക്കുമുൻപ്‌ മധുരഗീതങ്ങൾ പാടിയ കിളി ഇപ്പോൾ ശോകഗാനങ്ങൾ മാത്രം പാടുന്നു.
അപ്പോൾ പിന്നെ അതെന്താന്നറിയണ്ടേ?

അലഞ്ഞു തിരിഞ്ഞ്‌ വിശ്രമിയ്ക്കാനായി ദുബായിലെ സഫാപാർക്കിലെത്തി.
കിളികളുടെ ഒച്ചകേട്ട ദിക്കിലൊക്കെ ബൈനോക്കുലർ പായിച്ചു.

ഒടുവിൽ കിളികളെ കണ്ടെത്തി.
കിളികൾ കൂട്ടംകൂടിയും ഒറ്റപ്പെട്ടും പാടുന്നതുകേട്ടു.
എന്റെ കിളിയുടെ ശബ്ദം കേട്ട ദിക്കിലേയ്ക്ക്‌ നോക്കിയപ്പോൾ ആൺകിളിയും പെൺകിളിയും അങ്ങേകൊമ്പിലും ഇങ്ങേകൊമ്പിലുമായി ഇരുന്നു്‌ ചാറ്റുന്നു.
നിരീക്ഷണത്തിലറിയാൻ കഴിഞ്ഞത്‌ പെൺകിളിയ്ക്ക്‌ ചിറകില്ല.
നഷ്ടപ്പെട്ട ചിറക്‌ മുളച്ചശേഷം മധുരഗീതങ്ങൾ പാടുന്നതും കാത്ത്‌
പിന്നെയും.......

Wednesday, August 10, 2005

ചവിട്ടാവാടി

അച്ഛൻ സ്ഥലത്തില്ല.
അമ്മയ്ക്ക്‌ കൂട്ട്‌ എൽകേജിക്കാരൻ.
അവനെയുംകൊണ്ട്‌ യാത്രപോകാൻ അമ്മയ്ക്കൊരു രസമാണ്‌.
ചോദ്യങ്ങൾക്ക്‌ ഉത്തരം പറയുക, അതിനുമേലൊരു ഉണ്ടാക്കിക്കഥ.
ഒക്കെ അവനെ ഏറെ രസിപ്പിച്ചു.
പലതരം ചെടികൾ എന്നും അവന്‌ കൌതുകമാണ്‌.
പല പേരുകൾ അവനെ ചിന്താക്കുഴപ്പത്തിലാക്കി.

“എല്ലാം ചെടികളാണെങ്കിൽ പിന്നെന്തിന്‌ വേറെവേറെ പേര്‌ ?” ഇതാണ്‌ ചോദ്യം.

ഏറ്റവും ഇഷ്ടം തൊട്ടാവാടി.
വഴിയിൽ തൊട്ടാവാടി കണ്ടാൽ അവിടെയിരുന്ന്‌ എല്ലാ ഇലയേയും ഉറക്കിയിട്ടേ പിന്നെ യാത്രയുള്ളൂ. അത്‌ മിക്കവാറും ധൃതിപിടിച്ച യാത്രയിൽ പ്രശ്നമാകുമായിരുന്നു.

ചവിട്ടിയാലും ഇലകൾ വാടുമെന്ന് അമ്മ പറഞ്ഞു.
പിന്നൊരു ചെടി കണ്ടപ്പോൾ അവൻ ചവിട്ടി നോക്കി.

"അമ്മേ ശരിയാ. ചവിട്ടിയപ്പോഴും ഇത്‌ വാടിയല്ലോ. പിന്നെന്താ ചവിട്ടാവാടി എന്ന് പേരിടാത്തെ?" എന്നായി ചോദ്യം.

Monday, August 08, 2005

മേലത്തപ്പു

റോഡിനുമപ്പുറം മേലേയുള്ള പുരയിടത്തിലെ രണ്ടു വീടുകൾ.
രണ്ടിടത്തും ഓരോ അപ്പൂപ്പന്മാർ.
സാറപ്പുവും-അദ്ധ്യാപകൻ
മേലത്തപ്പുവും.
മേലത്തപ്പു പൊതുവെ ചുറ്റുവട്ടത്തൊക്കെ പോകുമ്പോൾ ഷർട്ടിടാറില്ല.
കയലിയും തോളിലൊരു തോർത്തും കണ്ണടയും മാത്രം.
ചെറുകുട്ടികളെ കാണാനായി റോഡിനിപ്പുറം താഴെയുള്ള വീട്ടിൽ വരുക പതിവാണ്‌.

3 വയസ്സുകാരൻ ഉണ്ണിക്കുട്ടന്‌ മേലത്തപ്പുവാകാൻ എപ്പോഴും ഒരു തോർത്തു വേണം.
അതും തോളത്തിട്ട്‌ കൈയ്യിൽ കുറേ കളിപ്പാട്ടങ്ങളും പിടിച്ച്‌ മുറ്റത്തേയ്ക്കിറങ്ങും.
തോർത്തും കളിപ്പാട്ടങ്ങളും ഒരു പോലെ നിയന്ത്രിയ്ക്കാൻ കഴിയാതെ വരുമ്പോൾ ദേഷ്യപ്പെടും.
തോർത്ത്‌ താഴെ വീഴുമ്പോഴൊക്കെ 'അയ്യോ, മേലത്തപ്പു തായെപ്പോയേ' എന്നു പറഞ്ഞ്‌ വീണ്ടും തോർത്തെടുത്ത്‌ തോളത്തിടും.

Friday, August 05, 2005

കിളി ചിലച്ചു.

കാണാമറയത്തിരുന്ന്‌ ഒരു കിളി ചിലച്ചു.

ഒച്ചകേട്ട്‌ മറുകിളിയായ്‌ ഞാനും ചിലച്ചു.

വ്യക്തവും അവ്യക്തവും മൂകവുമായിരുന്നു ആ ശബ്ദം.

ശബ്ദം അക്ഷരങ്ങളായി കണ്മുന്നിലെത്തി.

പലപ്പോഴും പരസ്പരം നിശബ്ദമായി.

അത്‌ നിർവീര്യമാക്കാൻ പുഞ്ചിരിയും പൊട്ടിച്ചിരിയും മാറി മാറി വന്നു.

പിന്നെ പല വികാരങ്ങളും ചിത്രങ്ങളായി പ്രത്യക്ഷപ്പെട്ടു.

ഈ കിളിയ്ക്ക്‌ ഒച്ചയില്ലാതായി.

ഇനിയെന്നെങ്കിലും ചിലയ്ക്കാമെന്നേറ്റ്‌ പറന്നകന്നു.