Tuesday, August 23, 2005

ഒരു കൊച്ചു മുല്ല

ഈ മുറ്റത്ത്‌ ഒരു വർഷം മുമ്പ്‌ ബക്കറ്റിൽ ഒരു മുല്ല നട്ടു.
പച്ചക്കറിയരിയുന്നതിന്റെ പാഴ്വസ്തുക്കൾ വളമായി ഇട്ടു.
എല്ലാദിവസവും വെള്ളമൊഴിച്ചു.

തളിരിലകൾ ആഹ്ലാദമായി.ഇടക്കിടെയുള്ള ചൂട്കാറ്റ്‌ ഇലകളെ തളർത്തി.
തണലിനുവേണ്ടി ബക്കറ്റ്‌ മാറ്റിവച്ച്‌ ഞാനും തളർന്നു.
നാട്ടിലെ വീട്ടുമുറ്റത്തെ മുല്ലച്ചെടിയെയും പൂക്കാലമാകുന്നതിനുമുൻപ്‌ വാഴനാരുശേഖരിയ്ക്കുന്ന അമ്മയെയും മൊട്ടുവന്നു തുടങ്ങുമ്പോൾ മുതൽ 'ഇത്‌ നാളെ വിരിയും' എന്നു പറഞ്ഞ്‌ പറിച്ചെടുത്ത്‌ മാലകോർത്ത്‌ തരുമായിരുന്നതും ഒക്കെ ഓർത്താണ്‌ മുല്ലച്ചെടി നട്ടത്‌.

ഒടുവിൽ വേനൽ മഴയിൽ മുല്ല തളിർത്തു;
ഓരോ ചില്ലയുടെ അറ്റത്തും‌ മൊട്ടുകളും.

സന്തോഷം അടക്കാനായില്ല.
വാഴനാരിലും, നൂലിലുമൊന്നും കോർത്തില്ലെങ്കിലും
ഒരു പൂവായാലും നാടൻ മണത്തോടുകൂടി കിട്ടിയാൽ മതിയെന്നായി.
ഒന്നല്ല ഒരൊമ്പതോളം പൂക്കൾ‌ പല ദിവസങ്ങളിലായി കിട്ടി.

പൂത്തു കഴിഞ്ഞ്‌ തണുപ്പുകാലമായപ്പോൾ, തറയിൽ വലിയ ഒരു കുഴിയുണ്ടാക്കി വെയിലേറ്റ്‌ പൊട്ടിയ ബക്കറ്റ്‌ മാറ്റി ചെടിയെ തറയിൽ നട്ടു.
മണ്ണുമായി പൊരുത്തപ്പെടാൻ സമയമെടുക്കുന്നു.
ഈ ചൂടുകാലം കഴിയുമ്പോൾ ഇനിയും പൂവ്‌ തരുമെന്ന പ്രതീക്ഷയോടെ...............

4 Comments:

Blogger സു | Su said...

എന്നെങ്കിലുമൊരിക്കൽ ഞങ്ങൾടെ മുല്ലേം പൂക്കും അല്ലേ സുധച്ചേച്ചിയേ?

23 August, 2005 19:58  
Blogger സുധ said...

എത്രയും വേഗം പൂക്കട്ടെ സു.
നല്ല വളവും വെള്ളവും കൊടുക്കണം.
പൂക്കാതിരിക്കില്ല.

23 August, 2005 22:37  
Blogger Kalesh Kumar said...

പൂക്കും. ഫുജൈറയിൽ മാവും കപ്പയും വാഴയും ഒക്കെ പിടിക്കുന്ന സ്ഥലമല്ലേ? തീർച്ഛയായും മുല്ല പൂക്കും!

23 August, 2005 22:57  
Blogger aneel kumar said...

ആരാന്റെ മുല്ല കൊച്ചു മുല്ല

24 August, 2005 00:03  

Post a Comment

<< Home